വിശുദ്ധന് സ്വര്ഗത്തിന് ആനന്ദവും ഭൂമിക്ക് അനുഗ്രഹവും തിരുസഭയ്ക്ക് മഹത്വവുമാണ്. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തീര്‍ച്ചയായും ഒരു വിശുദ്ധനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ സഭയെ നയിച്ച എട്ടു വര്‍ഷങ്ങളില്‍ അഞ്ചു വര്‍ഷത്തോളം എന്റെ ഡോക്ടറേറ്റ് പഠനത്തിനായി ഞാന്‍ റോമിലുണ്ടായിരുന്നു.
ജീവിക്കുന്ന, സഞ്ചരിക്കുന്ന ദൈവശാസ്ത്ര ശബ്ദകോശമെന്നാണ് അദ്ദേഹത്തെ ദൈവശാസ്ത്രജ്ഞന്മാര് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ നോട്ടത്തിലും നടത്തത്തിലും വരെ ദൈവശാസ്ത്രം ഉണ്ടെന്ന് അടക്കംപറയുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആത്മാവില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിക്കാത്ത സഭാസ്നേഹി. ഒരുപക്ഷേ ബെനഡിക്ട് പതിനാറാമന്റെ കാലമായിരുന്നുവെങ്കില്‍ കേരളസഭയില്‍ ഇന്നു കാണുന്ന ആരാധനക്രമത്തിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്.
ഞാന്‍ പല തവണ ബെനഡിക്ട് പാപ്പായെ കണ്ടിട്ടുണ്ട്. എങ്കിലും രണ്ടു പ്രാവശ്യം എനിക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ആദ്യതവണ ഞങ്ങള്‍ കുറെ വിദ്യാര്‍ഥികള്‍ പാപ്പായെ കാണാന്‍ ചെന്നു. അവിടെ ഒരു കര്‍ദിനാള്‍ പറഞ്ഞു, പാപ്പായ്ക്കു പനിയും ജലദോഷവുമാണ്, അതുകൊണ്ട് പാപ്പാ നിങ്ങളുടെ അടുത്തേക്ക് വരില്ലായെന്ന്. ഞങ്ങള്‍ സമ്മതിച്ചു. ഞങ്ങള്‍ പാപ്പായ്ക്കുവേണ്ടി കാത്തുനിന്നു. വാതില്‍ തുറക്കപ്പെട്ടു. പാപ്പാ വളരെ സാവധാനം ഞങ്ങളുടെ മുമ്പിലേക്കു വന്നു. സ്വര്‍ഗം തുറക്കപ്പെട്ട് ഒരു ദൈവദൂതന് ഞങ്ങളുടെ മുമ്പിലേക്ക് വരുന്നതുപോലെ തോന്നി. അത്രയ്ക്കും സ്വര്‍ഗീയമായിരുന്നു ആ വരവ്.
പെട്ടെന്ന് ഞാന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞു. എനിക്ക് എന്നെതന്നെ നിയന്ത്രിക്കാനായില്ല. ഞാന്‍ വിളിച്ചുപറഞ്ഞു: ”Papa, per favore mi può dare una benedizione!” പാപ്പാ എനിക്ക് ഒരു ആശീര്‍വാദം തരാമോ? ഞാനും എന്റെ കൂട്ടുകാരും അദ്ഭുതപ്പെട്ടു. പെട്ടെന്ന് പാപ്പ എന്റെ അടുത്തേക്ക് വന്നു. എന്റെ തലയില്‍ കൈവച്ചു പ്രാര്‍ഥിച്ചു. ആ ആഴ്ചയില്‍ ഇറങ്ങിയ ഒസെര്‍വത്തോരെ റോമാനോയില്‍ ആ ഫോട്ടോ അച്ചടിച്ചുവന്നു. രണ്ടാം തവണ ഞാന്‍ എന്റെ ഡോക്ടറേറ്റ് കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് പാപ്പായെ കാണാന്‍ ചെന്നു. അന്നും എന്റെ തലയില്‍ കൈവച്ച് ബെനഡിക്ട് പാപ്പാ പ്രാര്‍ഥിച്ചു.
”വിവാ ഇല് പാപ്പ!” എപ്പോഴാണ് മനുഷ്യജീവിതം സുന്ദരമാകുന്നത്? എപ്പോഴാണ് മനുഷ്യന് സൗഭാഗ്യവാനായി തീരുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ബെനഡിക്ട് പതിനാറാമന്‍.
Trending
- ‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു
- ചേലക്കരയെ വീണ്ടും ചുവപ്പിച്ച് യു ആർ പ്രദീപ്
- കന്നിയങ്കത്തില്‍ കൂറ്റന്‍ ഭൂരിപക്ഷവുമായി പ്രിയങ്ക
- മുനമ്പത്ത് ആരെയും കുടിയിറക്കില്ല; സമരക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
- പാലക്കാടിന് കൈകൊടുത്ത് രാഹുല്‍; ചേലക്കരയിൽ പ്രദീപ് ,വയനാട്ടിൽ പ്രിയങ്ക
- മുനമ്പം: സന്യസ്ഥ സംഗമം പ്രതിഷേധിച്ചു
- മാറിമറിഞ്ഞ് പാലക്കാട് ലീഡ്; വീണ്ടും ബിജെപി മുന്നേറ്റം