രണ്ടുവര്‍ഷം മുന്‍പ് നെറ്റ്ഫ്ളിക്സില്‍ കണ്ട സിനിമയാണ് ‘ദി ടു പോപ്പസ്’. ബെനഡിക്ട് പാപ്പാ കാലംചെയ്ത വാര്‍ത്ത കേട്ടപ്പോള്‍ ആ സിനിമ വീണ്ടും കണ്ടു. ആദ്യം കണ്ടതിനേക്കാള്‍ കൂടുതല്‍ വെളിച്ചം സിനിമയ്ക്ക് ഉണ്ടായിരുന്നു. പാപ്പായുടെ അവധിക്കാലവസതിയുടെ പൂന്തോട്ടത്തിലും വത്തിക്കാന്റെ സിസ്റ്റൈന്‍ ചാപ്പലിലും ബെനഡിക്ട് പാപ്പയും കര്‍ദിനാള്‍ ജോര്‍ജ് ബര്‍ഗോളിയോയും കണ്ടുമുട്ടുന്ന രണ്ടു ദിനങ്ങളാണ് രണ്ടു പാപ്പാമാരുടെ സിനിമയിലുള്ളത്. വത്തിക്കാന്റെ ബ്രഹ്മാണ്ഡവാസ്തു വൈഭവം കണ്ടു അന്താളിച്ചു നില്ക്കുന്ന ഒരു ടൂറിസ്റ്റ് പോലെയല്ല ചരിത്രം സംസാരിക്കുന്ന ചുവരുകള്‍ക്കുള്ളില്‍ ഉയിര് ഉള്ള രണ്ടു അസാധാരണ ജീവിതങ്ങളെ അടുത്തു കണ്ടറിഞ്ഞ അനുഭവമാണ് ആന്റണി മാക്കര്ട്ടന് തിരക്കഥ രചിച്ചു ഫെര്‍ണാഡൊ മേജെല്ലി സംവിധാനം നിര്‍വഹിച്ച ഈ സിനിമ നല്‍കുന്നത്.
ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ കാലശേഷം നടന്ന പേപ്പല്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനക്കാരനായെത്തിയത് കര്‍ദിനാള്‍ ബര്‍ഗോളിയോയാണ്. കൂടുതല്‍ ലിബറല്‍ ചിന്താഗതിക്കാരനായബര്ഗോളിയോയെ സംശയത്തോടെയാണ് പൊതുവെ യാഥാസ്ഥിതികനെന്നു അറിയപ്പെടുന്ന കര്‍ദിനാള്‍ ജോസഫ ്റാറ്റ്സിങര് നോക്കുന്നത്. രണ്ടു കര്‍ദിനാള്‍മാരുടെയും വ്യത്യസ്ഥ ചിന്താധാരകള്‍ സിനിമയുടെ തുടക്കം തന്നെ സംവിധയകന് വ്യക്തമാക്കുന്നു. പേപ്പല്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വാഷ്റൂമില്‍ കൈകഴുകുന്ന ബര്‍ഗോളിയോ അബ്ബാ മ്യൂസിക്കല്‍ ബാന്‍ഡിന്റെ പ്രശസ്തമായ ഡാന്‍സിങ് ക്വീന്‍ എന്ന ഗാനം ചൂളമടിച്ചു കൊണ്ടാണ് കൈകഴുകുന്നത്. ഈ സമയത്തു വാഷ്റൂമിലേക്ക് കയറിവരുന്ന കര്‍ദിനാള്‍ റാറ്റ്സിങര്‍ ചോദിക്കുന്നു: ‘ ഏതു ഭക്തി ഗാനമാണ് ‘. ബര്‍ഗോളിയോ പറഞ്ഞു, ഡാന്‍സിങ് ക്വീന്‍. ഇതേതു ഭക്തി ഗാനം എന്ന രീതിയില്‍ സംശയത്തോടെ നോക്കുന്ന റാറ്റ്സിങറിനോട് ബര്‍ഗോളിയോ പറയുന്നു. ഇത് അബ്ബയുടെ പാട്ടാണ്. ‘ഹോ നന്നായിരിക്കുന്നു’ എന്ന റാറ്റ്സിങറിന്റെ പുച്ഛം മൈന്‍ഡ് പോലും ചെയ്യാതെ ബര്‍ഗോളിയോ കൈകഴുകല്‍ ആഘോഷമായി തുടരുന്നു. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തരവരകള്‍ പോലെ രണ്ടു കര്‍ദിനാള്‍മാരെയും അവതരിപ്പിക്കാന്‍ പിന്നിടുള്ള തിരഞ്ഞെടുപ്പു സമയത്തെ ചിത്രികരണത്തില്‍ സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്.
കര്‍ദിനാള്‍ ബര്‍ഗോളിയോ കര്‍ദിനാള്‍ സ്ഥാനത്തില്‍ നിന്നും തന്നെ നീക്കം ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ട് പലതവണ ബെനഡിക്ട് പാപ്പയ്ക്ക് കത്തുകള്‍ എഴുതിയെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ഒടുവില്‍ ബെനഡിക്ട് പപ്പയെ കാണാന്‍ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു മടങ്ങി വരുമ്പോള്‍ കര്‍ദിനാള്‍ ബര്ഗോളിയോക്ക് വത്തിക്കാന്റെ കത്ത് ലഭിക്കുന്നു. പാപ്പയെ ഉടനെ കാണണം. പാപ്പയുടെ അവധിക്കാല വസതി കാസ്റ്റല്ഗണ്ടോള്ഫോയില് രണ്ടു പേരും കണ്ടുമുട്ടുന്നു. പൂന്തോട്ടത്തിലാണ് കണ്ടുമുട്ടല്‍ നടന്നതെങ്കിലും രണ്ടു പേരുടെയും വാക്കുകളില്‍ മുള്ളിന്റെ മൂര്‍ച്ചയുണ്ടായിരുന്നു. സഭയുടെ ചില പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്ന ബര്‍ഗോളിയോയെ പാപ്പാ പരിഹസിക്കുന്നു: ഞങ്ങളിവിടെ സഭയുടെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സഭയുടെ പാരമ്പര്യത്തേക്കാള്‍ അറിവുള്ള ഒരാള്‍ ഇവിടെ കര്‍ദിനാള്‍ ബര്‍ഗോളിയോ. പാപ്പയുടെ പരിഹാസത്തിനു കര്‍ദിനാള്‍ മറുപടി കൊടുക്കുന്നു. നമ്മുടെ ഗ്രഹം നശിപ്പിക്കപ്പെടുമ്പോള്‍ ഒരു കാന്‍സര്‍ പോലെ അസമത്വം വേരോട്ടം നടത്തുമ്പോള്‍ നമ്മള് തര്‍ക്കിക്കുന്നത് കുര്‍ബാന ലത്തീനില്‍ ചൊല്ലണോ, പെണ്‍കുട്ടികളെ അള്ത്താരശുശ്രുഷകര് ആക്കണമോ എന്നാണ്. നമ്മള് ഒരു മതില്‍കെട്ടി അകത്തിരിക്കുകയാണ്. പക്ഷെ എല്ലാ സമയത്തും അപകടം പുറത്തു നിന്നുമായിരുന്നില്ല. ശരിക്കുമുള്ള അപകടം അകത്തുതന്നെയായിരുന്നു. നമ്മുടെ ഉള്ളില്തന്നെയായിരുന്നു. നമുക്കറിയാമായിരുന്നു വൈദികര്‍, മെത്രാന്മാര്, സഭയിലെ ഉന്നതര്‍ കുട്ടികളെ പീഡിപ്പിച്ചു. എന്നിട്ടു നമ്മള് എന്ത്ചെയ്തു? തുറന്ന ചര്‍ച്ചയില്‍ രണ്ടു പേര്‍ക്കും പോറല്‍ ഏല്‍ക്കുന്നുണ്ടെങ്കിലും കുറെ തെറ്റിദ്ധാരണകള്‍ അടര്‍ന്നുവീണു രണ്ടു പേരിലെയും ക്രിസ്തു വെളിപ്പെട്ടു കിട്ടുന്നു.
പിറ്റേദിവസത്തെ കൂടിക്കാഴ്ച നടക്കുന്നത് ആളൊഴിഞ്ഞ സിസ്റ്റൈന്‍ ചാപ്പലില്‍ ആണ്. ചാപ്പലിനുള്ളിലെ കണ്ണീരിന്റെ മുറിയില്‍ പിന്നെ നടക്കുന്നത് രണ്ടു പേരുടെയും കുമ്പസാരമാണ്. സ്ഥാനം ഒഴിയാന്‍ വന്ന ബര്ഗോളിയോട് ബെനഡിക്ട് പാപ്പാ തന്റെ സ്ഥാനത്യാഗത്തെ കുറിച്ചുള്ള കുമ്പസാരം നടത്തുന്നു. ഇനി പറയുന്നത് ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന മുഖവുരയോടെ പാപ്പാ പറഞ്ഞു. ചിലപ്പോള്‍ വളരെ ചെറിയ കാര്യങ്ങള്‍ പോലും നമ്മള് ശ്രദ്ധിക്കും. വളരെ വിചിത്രമായി തോന്നാം. കഴിഞ്ഞ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു ഞാന്‍ തിരിഅണച്ചപ്പോള് പുകമുകളിലേക്കു പോകുന്നതിനു പകരം താഴേക്കു പോയി. കായേന്റെ ബലി ദൈവം തിരസ്കരിച്ചതു പോലെ. നിങ്ങള്‍ക്കു അത് പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ ? ബര്‍ഗോളിയോ ചിരിച്ചുകൊണ്ട് പറഞ്ഞു: പാപ്പാ എന്നോട് ഇങ്ങോട്ടു വരാന്‍ പറയുന്നതിന് മുന്‍പേ ഞാന്‍ ഇങ്ങോട്ടേക്കുള്ള ടിക്കറ്റ് വാങ്ങിയിരുന്നു. പാപ്പാ ചോദിച്ചു: ‘ ശരിക്കും’ ബര്‍ഗോളിയോ തലയാട്ടി. ദീര്‍ഘനിശ്വാസത്തോടെ പാപ്പാ പറഞ്ഞു, ഇതെനിക്ക് ഒരുപാടു ധൈര്യം നല്കുന്നു. ഈ കാര്യം പങ്കുവെയ്കാനുള്ളത് തിരഞ്ഞെടുക്കപെട്ടയാള് നിങ്ങള്‍ തന്നെയാണ്. ബര്‍ഗോളിയോ ചോദിച്ചു ഏതു കാര്യം? ഞാന്‍ വിരമിക്കാന്‍ പോകുന്നു. കര്‍ദിനാള്‍ ബര്‍ഗോളിയോ ഞെട്ടി. പാപ്പാ വീണ്ടും കര്‍ദിനാളിനെ ഞെട്ടിച്ചു. ‘ നിങ്ങള്‍ രാജിവെയ്ക്കരുത്. കാരണം നിങ്ങളാണ് അടുത്ത പാപ്പാ’. കണ്ണീരിന്റെ മുറിയില്‍ തന്നെ ഈ സംഭാഷണം സെറ്റ് ചെയ്തത് സംവിധായകന്റെ ബ്രില്ലെന്‍സ് ആണ്. കാരണം ഈ കണ്ണീരിന്റെ മുറിയിലാണ് പോപ്പായി തിരഞ്ഞെടുക്കപ്പെടുന്ന കര്‍ദിനാള്‍ ആദ്യമായി പോപ്പിന്റെ സ്ഥാനികവസ്ത്രം ധരിക്കുന്നത്. കുമ്പസാരത്തിന്റെ അവസാനം ബെനഡിക്ട് പാപ്പാ പറഞ്ഞു. ‘ നിങ്ങള്‍ എന്റെ ചുമലില്‍ നിന്നും വലിയൊരു ഭാരം എടുത്തുമാറ്റി’. കര്‍ദിനാള്‍ ബര്‍ഗോളിയോ പറഞ്ഞു ‘ നിങ്ങള്‍ എന്റെ ചുമലിലേക്ക് ഭാരം വെച്ചു തന്നു’.
പാപ്പയുടെ കൈയിലെ ഹെല്‍ത്ത്വാച്ച് എപ്പോഴൊക്കെ പാപ്പാ തുടര്‍ച്ചയായി ഇരിക്കുന്നുവോ അപ്പോഴൊക്കെ പറയും ‘ Dont stop now . Keep moving ‘സിനിമയുടെ അവസാനം ഫ്രാന്‍സിസ് പാപ്പാ സിസ്റ്റൈന്‍ ചാപ്പലിലുടെ ഒറ്റയ്ക്ക് നടക്കുമ്പോഴും ഹെല്ത്ത്വാച്ചിന്റെ ഓര്‍മപ്പെടുത്തലുണ്ട്: ‘ Dont stop now . Keep moving keep moving ‘
Trending
- വിശുദ്ധ തോമശ്ലീഹയുടെ തിരുനാളും രൂപതാദിനാഘോഷവും നാളെ
- കണ്ണമാലിയിൽ കടൽഭിത്തി നിർമ്മാണം പുനരരാംഭിക്കുന്നത് ആശ്വാസകരം: കെആർഎൽസി സി
- NIDS പഠനോപകരണ വിതരണം
- വൈദീക ജൂബിലിക്ക് ആരംഭം
- ഫ്രാൻസിസ് പാപ്പയുടെ കുമ്പസാരക്കാരൻ അന്തരിച്ചു
- ഫ്രാൻസിൽ വിശ്വാസം വളരുന്നു
- ദിനേന: ചിന്താശകലങ്ങളുടെ പുസ്തകം
- മര്യാദ നഷ്ടപ്പെടുന്ന മതജല്‍പനങ്ങള്‍
നില്‍ക്കരുത്; മുന്നോട്ടു പോവുക
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2025 ThemeSphere. Designed by ThemeSphere.