എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം റേഡിയോ നെയ്തലിലെത്തി. ആളൊരു മഹാജ്ഞാനിയാണ്.
ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു പറഞ്ഞ് ‘ക്വാവാദിസി’ലെത്തി. ആ നോവല്‍ കാലംകടന്നുനില്ക്കുന്നു എന്നു ഞങ്ങള്‍ വിലയിരുത്തി.
അന്നു പത്രോസ് തിടുക്കത്തില്‍ യാത്രയാകുകയാണ്, അപരിചിതമായ വഴിയിലൂടെ. മാര്‍ഗമധ്യേ അസാധാരണമായ ഒരു പ്രകാശം കണ്ടു.
പത്രോസ് ചോദിച്ചു: നീ എങ്ങോട്ടു പോകുന്നു?
യേശു പറഞ്ഞു: ഞാന്‍ റോമിലേക്കു പോകുന്നു.
എന്തിന്?
നീ നിന്റെ ജനത്തെവിട്ടു പോകുകയല്ലേ? അവര്‍ക്കാരാ ഉളളത്? എനിക്കവരെ രക്ഷിച്ചല്ലേ പറ്റൂ? ഒരുപക്ഷേ വീണ്ടും ക്രൂശിക്കപ്പെട്ടേക്കാം. എന്തായാലും ഞാന്‍ റോമിലേക്കു പോകുകയാണ്.
അതുകേട്ടതോടെ പത്രോസ് തകര്‍ന്നു.
ക്രൂശിക്കപ്പെടല്‍ ഒരു തുടര്ക്കഥയാകാം. വീണ്ടെടുപ്പു ദൗത്യം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നു; എല്ലാവര്‍ക്കുമുണ്ടു പങ്ക്.
പത്രോസ് മനോവ്യഥയോടെ പറഞ്ഞു: ഞാന്‍ ജിവിച്ചിരിക്കേണ്ടതിന് അവരെന്നെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എനിക്കതിനു മനസ്സുണ്ടായിരുന്നില്ല. ഞാന്‍ ജീവിച്ചിരിക്കേണ്ടത് അവരുടെ ആവശ്യമാണെന്ന് അവര്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു. അവരുടെ നിര്‍ബന്ധത്തിന് എതിരുനില്‍ക്കാന്‍ എനിക്കായില്ല.
ഇപ്പോളെനിക്കു മനസ്സിലായി അവര്‍ ജിവിച്ചിരിക്കാന് അവരുടെ നിര്‍ബന്ധത്തെ അവഗണിക്കേണ്ടിയിരിക്കുന്നു.
എനിക്കിനി തിരികെ പോകുകയേ വഴിയുള്ളൂ.
പത്രോസ് തിരിച്ചു നടന്നു.
ഇതു ഫിക്ഷണലാണെങ്കിലും ജീവിതമുണ്ട്. പത്രോസിന്റെ പിന്ഗാമികള്ക്കും ഇത്തരം അനുഭവങ്ങളുണ്ടാകാം.
ഇപ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത് ബെനഡിക്ട് പതിനാറാമന്‍ പാപ്പായെയാണ്. പാപ്പാമാര്‍ പത്രോസിന്റെ സ്ഥാനത്താണല്ലോ. അവര്‍ നിത്യവും യേശുവിനെ വഴിയില്‍ കണ്ടുമുട്ടുന്നവരുമാണെന്ന് നമുക്ക് ന്യായമായും ഊഹിക്കാം.
ജീവിതം മുന്നോട്ടുപോകാനുള്ളതാണ്. പക്ഷേ ചിലപ്പോഴൊക്കെ മാറിക്കൊടുക്കേണ്ടിവരും.
സാവൂള്‍ കണ്ട വെളിച്ചം സാവൂളിനെ അന്ധനാക്കികളഞ്ഞു. വലിയ പരിജ്ഞാനികളെ ചിലപ്പോള്‍ ഇരുട്ടിലാക്കികളയും. ചിലപ്പോള്‍ ചേര്‍ന്നുനടക്കാന്‍ പറയും. എത്യോപ്യാക്കാരന് ഷണ്ഡന്റെ രഥത്തോടു ചേര്‍ന്നു നടക്കാന്‍ ഫിലിപ്പോസിനോടു പറഞ്ഞില്ലേ.
ജോണ്‍ പോള്‍ രണ്ടാമന് പാപ്പായോടു ചേര്‍ന്നുനടക്കാന്‍ കര്‍ദിനാള്‍ റാറ്റ്സിങ്ഗറിനോടു പറഞ്ഞതുപോലെതോന്നുന്നു. പിന്നീടു കുറച്ചുകാലം മുന്‍നിര നടക്കലും ആവശ്യപ്പെട്ടു. ഒടുവില്‍ എല്ലാം ഏല്പിച്ചിട്ട് തിരിച്ചുനടക്കലും ദൈവഹിതമെന്നു തിരിച്ചറിഞ്ഞു. വീണ്ടെടുപ്പു ദൗത്യം തന്റെ ജീവിതത്തിലേക്കും ഏറ്റെടുത്തു.
ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഇനിയുള്ള കാലം സ്മരിക്കപ്പെടുന്നത് ദൈവശാസ്ത്ര ഔന്നത്യത്തോടൊപ്പം സ്ഥാനത്യാഗത്തിന്റെ പേരിലുമായിരിക്കും.
അദ്ദേഹം പാപ്പാ സ്ഥാനം രാജിവച്ചത് ഔദ്യോഗികമായി പറയപ്പെട്ട അനാരോഗ്യത്തിന്റെ പേരില്‍ മാത്രമായിരിക്കില്ല. സഭയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ത്യാഗമാണ്. ഇതാണു കരുതല്‍. ജോണ്‍ പോള്‍ പാപ്പായോടൊപ്പമുള്ള സേവനവും വലിയ ത്യാഗജീവിതം തന്നെയായിരുന്നു. പരമ്പരാഗത വിശ്വാസസത്യങ്ങളില്നിന്ന് അണുവിട മാറാത്ത നിലപാടുള്ള പാപ്പാ, പാരമ്പര്യവാദി മാത്രമായിരുന്നില്ല, പുരോഗമനവാദിയുമായിരുന്നു. സോഷ്യല്‍മീഡിയ പ്രയോജനപ്പെടുത്തിയ ആദ്യത്തെ പാപ്പായാണദ്ദേഹം. കാലത്തിന്റെ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. കര്‍ത്താവിന്റെ സഭയ്ക്ക് കാലോചിതമായ മാറ്റംകൊണ്ടുവരുന്ന നേതൃത്വം കൊടുക്കാന്‍ തനിക്കു സാധിക്കില്ല എന്ന തിരിച്ചറിവ് പുതിയ തീരുമാനമെടുക്കാന്‍ കാരണമായി. സ്ഥാനംത്യജിക്കാന് തയ്യാറായി. അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരു ചെറിയ പദവിപോലും സാമൂഹിക നന്മയ്ക്കായി വേണ്ടെന്നുവയ്ക്കാന്‍ തയ്യാറല്ലാത്തവരാണധികവും.
തന്നെക്കാള്‍ കൂടുതല്‍ സഭയുടെ നിലനില്‍പ്പിനു പ്രാധാന്യം കൊടുത്തു. ദൈവത്തിന്റെ കരംപിടിച്ചു നടക്കുന്നവര്‍ക്കേ അതു സാധിക്കൂ. 600 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമാണ്. ബെനഡിക്ട് പതിനാറാമന്‍ അങ്ങനെ ചരിത്രപുരുഷനായി. ഇതിനു മുമ്പ് 1294ല്‍ സെലസ്റ്റിന്‍ അഞ്ചാമന് പാപ്പായാണ് സ്വന്തം തീരുമാനപ്രകാരം സ്ഥാനത്യാഗം ചെയ്തത്. ധീരമായ നിലപാടാണത്. ഫ്രാന്‍സിസ് പാപ്പായ്ക്ക് പുതിയകാലത്ത് ധീരമായ നേതൃത്വംകൊടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കരുതിയിരുന്നു. സഭയുടെ നല്ല ഭാവിയെക്കരുതിയുള്ള സ്ഥാനത്യാഗമായിരുന്നു.
ആധുനിക കാലഘട്ടത്തില്‍ സഭയുടെ സമസ്തമേഖലയിലേക്കും ലഭിച്ച ഏറ്റവും വലിയ സന്ദേശമാണ് ഈ സ്ഥാനത്യാഗം. ദൈവം വഴിനടത്തുന്നവര്ക്കും ദൈവത്തിന്റെ കരംപിടിച്ചു നടക്കുന്നവര്‍ക്കും മാത്രമേ ഇതു സാധിക്കുകയുള്ളൂ.
ഒടുവില്‍ പ്രതാപിയായ ദൈവശാസ്ത്രജ്ഞന് പറഞ്ഞു, ദൈവമേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. ആ സ്നേഹത്തിന്റെ തിരി സ്വര്‍ഗത്തിലും ഭൂമിയിലും തെളിഞ്ഞുതന്നെ നില്ക്കും. ആ വെളിച്ചത്തില്‍ ഉത്തരം കിട്ടുന്ന ചോദ്യം നമുക്കു ചോദിക്കാം: ”ക്വാവാദിസ്?”
————
നോട്ടുനിരോധനം: വിയോജനവിധി കഴമ്പുള്ളത്
2016ലെ നോട്ടുനിരോധനം ആറു വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചു. എന്നാല്‍ നടപടി നിയമവിരുദ്ധമാണെന്നു വിലയിരുത്തി അഞ്ചംഗ ബെഞ്ചിലെ ഏക വനിതാഅംഗം ജസ്റ്റിസ് ബി.വി. നാഗരത്ന ഭൂരിപക്ഷ അഭിപ്രായത്തോടു വിയോജിച്ച് പ്രത്യേക വിധിന്യായമെഴുതി. കാര്യകാരണസഹിതം അക്കമിട്ടു രേഖപ്പെടുത്തിയിരിക്കുന്ന വിധിന്യായം സുപ്രീം കോടതിയുടെ അന്തസ്സുയര്ത്തുന്നതും ഭാവിയിലേക്കു വെളിച്ചം വീശുന്നതുമാണ്. ഇനിയൊരു നോട്ടുനിരോധനത്തിന് ഈ വിയോജനവിധി വഴിതടയും.