വത്തിക്കാന്‍ സിറ്റി: കത്തോലിക്ക തിരുസഭാ ചരിത്രത്തിലെ നവയുഗ മഹാത്യാഗിയും ദൈവശാസ്ത്രജ്ഞനുമായിരുന്ന എമരിത്തിയൂസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മൃതദേഹം ജനുവരി 5 ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് താഴെയുള്ള ഭൂഗര്‍ഭ അറയിലെ (വത്തിക്കാന്‍ ഗ്രോട്ടോ) കല്ലറയില്‍ സംസ്കരിച്ചു. ഇറ്റാലിയന്‍ സമയം രാവിലെ 9.30-ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന്) ആരംഭിച്ച അന്ത്യശുശ്രൂഷകര്മങ്ങള്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലോകമെമ്പാടുനിന്നുമുള്ള 120 കര്‍ദിനാള്‍മാരും 400 മെത്രാന്മാരും നാലായിരം പുരോഹിതരും സഹകാര്‍മികരായിരുന്നു. കര്‍ദിനാള്‍ തിരുസംഘം ഡീന്‍ ജൊവാന്നി ബത്തിസ്തറെ ദിവ്യബലി അര്‍പ്പിച്ചു.
‘പിതാവേ, അങ്ങയുടെ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ ഏല്‍പ്പിക്കുന്നു’ എന്ന് കുരിശില്‍ കിടന്ന് പറഞ്ഞ യേശുവിന്റെ അവസാന വാക്കുകളിലൂടെ ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗം ഇറ്റാലിയന്‍ ഭാഷയില്‍ ആരംഭിച്ചു. നിശബ്ദമായി നമ്മെ പ്രചോദിപ്പിക്കുന്ന ജീവിതചൈതന്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ സംസാരിച്ചു. ക്രിസ്തു യേശുവിന്റെ ഹൃദയത്തോട് ഇണങ്ങുന്നത് വരെ ഓരോ ഇടയന്റേയും ഹൃദയത്തെ രൂപപ്പെടുത്താന്‍ ആത്മാവ് ആഗ്രഹിക്കുന്നു. ബെനഡിക്ട് പാപ്പയുടെ ജ്ഞാനം, ആര്‍ദ്രത, ഭക്തി എന്നിവയെ അദ്ദേഹം പ്രശംസിച്ചു. അനശ്വരമായ സ്നേഹം ഒരിക്കല്‍ക്കൂടി അദ്ദേഹത്തോടു കാണിക്കാന്‍ ജനക്കൂട്ടം ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. വര്‍ഷങ്ങളായി അദ്ദേഹം നമുക്കു നല്കിയ അതേ ജ്ഞാനത്തോടും ആര്‍ദ്രതയോടും സമര്‍പ്പണത്തോടും കൂടി നമ്മളിത് ചെയ്യന്നു, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
നന്മ വിജയിക്കാന്‍ പാടുപെടേണ്ട സാഹചര്യങ്ങളിലും, നമ്മുടെ സഹോദരീസഹോദരന്മാരുടെ അന്തസ്സിന് ഭീഷണിയാകുന്ന സന്ദര്‍ഭങ്ങളിലും, യജമാനനെപ്പോലെ, ഒരു ഇടയനും തന്റെ ജനത്തെ അഭിഷേകം ചെയ്യുന്നതിനുള്ള ഭാരവും മധ്യസ്ഥതയും വഹിക്കുന്നു. ഇടയനായിരിക്കുക എന്നതിനര്‍ത്ഥം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ്. ഇടയന്മാരുടെ വഴികാട്ടിയായ അജപാലന നിയമത്തില്‍ തന്റെ ബുദ്ധിമുട്ടേറിയ കാലത്ത് ദൈവത്തിന്റെ കരുണ തനിക്കു ലഭിച്ചിട്ടുണ്ടെന്ന് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ എഴുതിയതുപോലെ തന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമാക്കി തന്റെ പിതാവിന്റെ പക്കലേക്ക് ബെനഡിക്ട് പാപ്പ മടങ്ങിയിരിക്കുകയാണ്.
മണവാളനായ ഈശോയുടെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ട്, ഇന്നും എന്നേക്കും അവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ സന്തോഷം പൂര്‍ണമാകട്ടെ! എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് തന്റെ സ്തുതിഗീതം അവസാനിപ്പിച്ചത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബെനഡിക്ട് പാപ്പായുടെ സംസ്കാരശുശ്രൂഷ്ക്ക് ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മികത്വം വഹിച്ചപ്പോള്‍ അത് പുതിയൊരു ചരിത്രമായി. കത്തോലിക്കാ സഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു പാപ്പായുടെ മൃതസംസ്കാരത്തിന് പത്രോസിന്റെ സിംഹാസനത്തില്‍ വാഴുന്ന ഒരു പരിശുദ്ധ പാപ്പാ മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
തന്റെ സംസ്കാര ചടങ്ങുകള്‍ ലളിതമായിരിക്കണമെന്ന് ബെനഡിക്ട് പാപ്പ പ്രത്യേകം ആവശ്യപ്പെട്ടിരുന്നതനുസരിച്ചായിരുന്നു സജ്ജീകരണങ്ങള്‍. വത്തിക്കാനിലെ മാത്തര്‍ എക്ലേസിയെ ഭവനത്തില്‍ 2022 ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 9.34-നാണ് 95 വയസുള്ള ബെനഡിക്ട് പാപ്പ കാലം ചെയ്തത്. ‘ദൈവമേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനവാക്കുകളെന്ന് ദീര്‍ഘകാലം ബെനഡിക്ട് പാപ്പായുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗാന്സൈന് അറിയിച്ചു.