വത്തിക്കാന് സിറ്റി: വത്തിക്കാന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് പൊതുദര്ശനത്തിനു വയ്ക്കുമ്പോള് ബെനഡിക്ട് പതിനാറാമന് പാപ്പായുടെ മൃതദേഹത്തില് അണിയിച്ചത് ചെമപ്പും സ്വര്ണനിറവുമുള്ള തിരുവസ്ത്രങ്ങളും വൈദികര് സാധാരണയായി ഉപയോഗിക്കാറുള്ള കറുത്ത ഷൂസുമാണ്. എട്ടു വര്ഷം പത്രോസിന്റെ സിംഹാസനത്തില് വാണകാലത്ത്, ബെനഡിക്ട് പതിനാറാമന്റെ വിശിഷ്ട പേപ്പല് വേഷഭൂഷാദികളില് ഏറെ മാധ്യമശ്രദ്ധ നേടിയ ചെമന്ന ഷൂസിന്റെ കഥ വീണ്ടും വത്തിക്കാന് നിരീക്ഷകരുടെ ഓര്മയിലുണരുകയാണ്.
വലിയ അര്ഥതലങ്ങളുള്ള ശ്രേഷ്ഠമായ പേപ്പല് പാരമ്പര്യത്തെക്കാള് ആധുനിക ഫാഷനോടുള്ള ആഭിമുഖ്യമായാണ് അക്കാദമിക മികവിലെന്നപോലെ സംഗീതത്തിലും കലയിലും തല്പരനായിരുന്ന ബെനഡിക്ട് പാപ്പായുടെ ചെമന്ന ഷൂസിനെ ചില മാധ്യമങ്ങള് ചിത്രീകരിച്ചത്. എന്നാല്, കത്തോലിക്കാ വിശ്വാസപാരമ്പര്യത്തില് ചെമപ്പുനിറം രക്തസാക്ഷിത്വത്തിന്റെയും ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും പ്രതീകമാണ്. ക്രിസ്തുവിന്റെ കാല്പാടുകള് പിന്തുടരുന്ന പത്രോസിന്റെ പിന്ഗാമികളായ പാപ്പാമാര് ചെമന്ന പാദുകം ധരിക്കുന്ന പാരമ്പര്യം തുടരുകയായിരുന്നു ബെനഡിക്ട് പതിനാറാമന്. ജോണ് പോള് രണ്ടാമന് പാപ്പായും ഫ്രാന്സിസ് പാപ്പായും ചെമപ്പു ഷൂസിനോട് താല്പര്യം കാട്ടിയില്ല എന്നത് യാഥാര്ഥ്യമാണ്.
സ്ഥാനത്യാഗം ചെയ്തതിനെ തുടര്ന്ന് ഔദ്യോഗിക ചടങ്ങുകളില് നിന്ന് പൂര്ണമായും വിട്ടുനിന്ന ബെനഡിക്ട് പാപ്പാ തന്റെ ചെമന്ന പേപ്പല് ഷൂസുകളും ഉപേക്ഷിക്കുകയായിരുന്നു. ഇറ്റലിയിലെ മുന്നിര ഫാഷന് ഹൗസായ പ്രാദയില് നിന്നാണ് ബെനഡിക്ട് പാപ്പാ തന്റെ ചെമന്ന ഷൂസ് തിരഞ്ഞെടുത്തിരുന്നത് എന്നത് വ്യാജവാര്ത്തയാണെന്ന് രാജ്യാന്തര മാധ്യമശൃംഖലകള് ഏറ്റുപറഞ്ഞത് ഔപചാരിക വേഷവിധാനങ്ങളൊന്നും കൂടാതെ വത്തിക്കാനിലെ മാത്തെര് എക്ളേസിയേ ആശ്രമത്തിന്റെ ആവൃതിയിലേക്ക് അദ്ദേഹം ഉള്വലിഞ്ഞപ്പോഴാണ്.
വേനല്ക്കാലത്തും ശൈത്യകാലത്തും ഉപയോഗിക്കാന് പാകത്തില് തുകലും വെല്വെറ്റും പട്ടും കൊണ്ടാണ് പരമ്പരാഗതമായി പാപ്പാമാരുടെ ചെമന്ന ഷൂസ് തുന്നിയിരുന്നത്. വിശ്വാസികളും മറ്റും പരിശുദ്ധ പിതാവിന്റെ പാദങ്ങള് ചുംബിക്കുന്നതിനാല് സുവര്ണ കുരിശടയാളം പേപ്പല് പാദുകത്തിനു മീതെ പതിക്കുന്ന പതിവുണ്ടായിരുന്നു.
ജോണ് പോള് പാപ്പായും അമേരിക്കന് പ്രസിഡന്റുമാരായ ജോര്ജ് ഡബ്ല്യു. ബുഷും ബറാക് ഒബാമയും ഉള്പ്പെടെ ഒട്ടേറെ പ്രമുഖര്ക്കായി പാദരക്ഷകള് ഒരുക്കിയിട്ടുള്ള ഇറ്റലിക്കാരനായ ചെരുപ്പുകുത്തി അഡ്രിയാനോ സ്റ്റെഫനെല്ലിയും പെറുവിലെ ട്രുയില്ലോയില് നിന്ന് 1990-ല് റോമിലെത്തി വത്തിക്കാനു സമീപം ഷൂ റിപ്പയര് കട തുടങ്ങിയ അന്റോണിയോ അരെല്ലാനോയുമാണ് ബെനഡിക്ട് പതിനാറാമനുവേണ്ടി ഷൂ നിര്മിച്ചിരുന്നത്.
ജോണ് പോള് രണ്ടാമന് 2003-ല് രോഗാതുരനായി വേദന അനുഭവിക്കുന്ന അവസ്ഥയില് തനിക്ക് എന്തു ചെയ്യാനാകും എന്ന ചിന്തയില് നിന്നാണ് സ്റ്റെഫനെല്ലി അദ്ദേഹത്തിനായി പ്രത്യേകം ഷൂസ് നിര്മിച്ചുനല്കിയത്. പിന്നീട് ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പാകപ്പെടുത്തിയ വിശിഷ്ട പാദരക്ഷകള് ”ഏറ്റവും സുഖകരമായ രീതിയില് അണിഞ്ഞിരിക്കുന്നതായി” ദൃശ്യങ്ങളില് കാണുന്നത് ഏറെ സന്തോഷം പകര്ന്നതായി സ്റ്റെഫനെല്ലി വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ഒസെര്വാത്തോരെ റൊമാനോയുമായുള്ള അഭിമുഖത്തില് അനുസ്മരിച്ചു.
കര്ദിനാള് ജോസഫ് റാറ്റ്സിങറിനുവേണ്ടി ”42 സൈസിലുള്ള” ഷൂസ് നിര്മിച്ചുനല്കിയിരുന്ന അരെല്ലാനോ, അദ്ദേഹം പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് സന്തോഷം അടക്കാനാവാതെ അദ്ദേഹത്തിനുവേണ്ടി കൃത്യമായ അളവുവച്ച് ഒരു ജോടി ചെമന്ന ഷൂസ് തുന്നിയെടുത്ത് വത്തിക്കാനിലെ പൊതുദര്ശനവേദിയില് നവാഭിഷിക്തനായ പരിശുദ്ധ പിതാവിന് അത് സമ്മാനിക്കാനായി കൊണ്ടുപോയി.
റോമന് കൂരിയായിലെ പ്രമുഖരും ലോകമെങ്ങും നിന്നുള്ള വിശിഷ്ടാതിഥികളും നയതന്ത്രപ്രതിനിധികളുമൊക്കെ നില്ക്കുമ്പോള്, ബെനഡിക്ട് പാപ്പാ തന്നെ തിരിച്ചറിഞ്ഞ് സന്തോഷത്തോടെ ”എന്റെ ഷൂമെയ്ക്കര് ഇതാ” എന്നു പറഞ്ഞത് ഏറ്റം അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് അരെനെല്ലോ പറയുന്നു. 42 സൈസ് ചെമന്ന ഷൂസ് സമ്മാനിച്ചപ്പോള് പാപ്പാ ആശ്ചര്യചകിതനായി തന്നെയും കുടുംബത്തെയും അനുഗ്രഹിച്ചത് മറക്കാനാവില്ല.
പിന്നീട് ജോണ് പോള് രണ്ടാമന് പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിരുകര്മത്തിനായി ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി മറ്റൊരു ജോടി ചെമന്ന ഷൂസ് വേണമെന്ന് വത്തിക്കാനില് നിന്ന് പ്രത്യേക ഓര്ഡര് ലഭിച്ചതോടെ പരിശുദ്ധ പിതാവിന്റെ ഷൂനിര്മാതാവ് എന്ന ഔദ്യോഗിക അംഗീകാരമായിരുന്നു.
മാത്തെര് എക്ലേസിയേ ആശ്രമത്തിലെ വിശ്രമജീവിതകാലത്ത് എമരിറ്റസ് പാപ്പ മെക്സിക്കോയില് നിന്നുള്ള കത്തോലിക്കനായ ചെരുപ്പുകുത്തി അര്മാന്ഡോ മാര്ട്ടിന് ഡ്യൂണാസ് ഡിസൈന് ചെയ്ത തുകലിന്റെ പാദരക്ഷകളാണ് ധരിച്ചിരുന്നത്. ബേര്ഗണ്ടി നിറത്തിലുള്ള രണ്ടു ജോടിയും ഒരു ജോടി ബ്രൗണ് ലോഫേഴ്സും അദ്ദേഹത്തിന് സമ്മാനമായി എത്തിച്ചേര്ന്നതാണ്.
Trending
- മണിപ്പുരിനെ വീണ്ടെടുക്കാന്
- സുന്ദര ജീവിതം പോലൊരു സിനിമ
- ഉയിര്പ്പിന്റെ രാഷ്രീയം
- അങ്ങനെ റെയില്വേയും തീരുമാനമായി
- ദയയുടെ മാലാഖയ്ക്കു അലിഖാന്റെ സംഗീതാര്ച്ചന
- കരാര് ലഭിക്കാൻ കോടികള് കൈക്കൂലി: അദാനിക്കെതിരെ അമേരിക്കയില് അഴിമതിക്കുറ്റം
- നടൻ മേഘനാഥൻ അന്തരിച്ചു
- മുഖ്യമന്ത്രിയുടെ വാക്കുകൾ കണ്ണീരൊപ്പുന്നതാകണം : ബിഷപ്പ് ഗീവർഗ്ഗീസ് മാർ അപ്രേം
ആ ചെമന്ന ഷൂസിന്റെ
യഥാര്ഥ സത്യം
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2024 ThemeSphere. Designed by ThemeSphere.