വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ആധ്യാത്മിക ഒസ്യത്ത് വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. പരിശുദ്ധ സിംഹാസനത്തില്‍ ഒരു വര്‍ഷവും നാലു മാസവും പൂര്‍ത്തിയാക്കിയ വേളയില്‍, 2006 ഓഗസ്റ്റ് 29ന് ബെനഡിക്ട് പാപ്പാ എഴുതിയ പത്രികയാണിത്. പരിശുദ്ധ പിതാക്കന്മാരുടെ ആധ്യാത്മിക സാക്ഷ്യപത്രം അവരുടെ കാലശേഷമാണ് പ്രസിദ്ധീകരിക്കുക. ഇറ്റാലിയന്‍ ഭാഷയില്‍ നിന്നു മൊഴിമാറ്റിയ ബെനഡിക്ട് പാപ്പായുടെ ഒസ്യത്ത് ഇതാണ്:
എന്റെ ആധ്യാത്മിക സാക്ഷ്യപത്രം
എന്റെ ജീവിതത്തിലെ ഈ വൈകിയ വേളയില്‍ ഞാന്‍ കടന്നുവന്ന പതിറ്റാണ്ടുകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, നന്ദി പറയാന്‍ എനിക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. ആദ്യമേ, സര്‍വപ്രധാനമായി ഞാന്‍ ദൈവത്തിനുതന്നെ നന്ദി പറയുന്നു, ഓരോ നല്ല സമ്മാനവും നല്കുന്നവന്, എനിക്ക് ജീവന് നല്‍കുകയും പലതരം ആശയക്കുഴപ്പങ്ങളുടെ കാലങ്ങളിലൂടെ എന്നെ നയിക്കുകയും, ഞാന്‍ വീഴാന്‍ തുടങ്ങുമ്പോഴൊക്കെ എന്നെ പിടിച്ചെഴുന്നേല്പിക്കുകയും അവന്റെ മുഖത്തിന്റെ പ്രകാശം വീണ്ടും എന്നെ കാണിക്കുകയും ചെയ്തവന്. പിന്തിരിഞ്ഞുനോക്കുമ്പോള് എനിക്കു കാണാനും മനസിലാക്കാനും കഴിയുന്നുണ്ട്, എന്റെ ഈ യാത്രയിലെ ഇരുണ്ട, തളര്‍ത്തുന്ന ഭാഗങ്ങളൊക്കെയും എന്റെ രക്ഷയ്ക്കുവേണ്ടിയുള്ളതായിരുന്നു; ആ ഭാഗങ്ങളിലാണ് അവന് എനിക്ക് ഏറ്റവും നന്നായി വഴികാണിച്ചുതന്നത്.
ക്ലേശകരമായ ഒരു കാലത്ത് എനിക്ക് ജീവന് നല്‍കുകയും, വലിയ ത്യാഗങ്ങള്‍ സഹിച്ച് അവരുടെ സ്നേഹംകൊണ്ട് എനിക്കുവേണ്ടി തെളിഞ്ഞ പ്രകാശം കണക്കെ ഇന്നുവരെ എന്റെ ദിനങ്ങളെയെല്ലാം പ്രശോഭിതമാക്കിയ
അത്യുല്‍കൃഷ്ടമായ ഭവനം ഒരുക്കിത്തന്ന എന്റെ മാതാപിതാക്കളോട് ഞാന്‍ നന്ദി പറയുന്നു. എന്റെ പിതാവിന്റെ സ്വച്ഛമായ വിശ്വാസം കുട്ടികളായ ഞങ്ങളെ വിശ്വസിക്കാന്‍ പഠിപ്പിച്ചു, ഞാന്‍ ആര്‍ജിച്ചെടുത്ത എല്ലാ ശാസ്ത്രീയ മുതല്ക്കൂട്ടുകള്ക്കിടയിലും അത് എന്നും കെട്ടുറപ്പുള്ള മാര്ഗസ്തംഭമായി നിന്നു; എന്റെ അമ്മയുടെ ഗാഢമായ ഭക്തിയും മഹനീയ നന്മയും എനിക്ക് ഒരിക്കലും നന്ദിചൊല്ലി തീര്‍ക്കാനാവാത്ത ഒരു ശ്രേഷ്ഠപാരമ്പര്യമാണ്. എന്റെ സഹോദരി പതിറ്റാണ്ടുകളായി എന്നെ നിസ്വാര്‍ത്ഥമായും സ്നേഹവാത്സല്യങ്ങളോടെ ശുശ്രൂഷിച്ചിട്ടുണ്ട്; തന്റെ പ്രസ്പഷ്ടമായ ഉള്ത്തിട്ടങ്ങളിലൂടെയും ഊര്‍ജസ്വലമായ നിശ്ചയദാര്‍ഢ്യത്തിലൂടെയും ഹൃദയത്തിലെ പ്രശാന്തതയിലൂടെയും എന്റെ ജ്യേഷ്ഠന് എനിക്കായി എന്നും എന്റെ പാത തെളിച്ചുതന്നു; അദ്ദേഹം എന്നും മുന്നോട്ടു നയിക്കുകയും എന്റെകൂടെനടക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ എനിക്ക് നേര്‍വഴി കണ്ടെത്താനാവുമായിരുന്നില്ല.
ദൈവം എന്നും എനിക്കരികെ എത്തിച്ച പുരുഷന്മാരും സ്ത്രീകളുമായി നിരവധി സുഹൃത്തുക്കളെ പ്രതി, എന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും എന്റെ സഹപ്രവര്‍ത്തകരായിരുന്നവരെ പ്രതി, എനിക്ക് ദൈവം നല്കിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രതി ഹൃദയപൂര്‍വം ഞാന്‍ അവനു നന്ദി പറയുന്നു. അവരെയെല്ലാം കൃതജ്ഞതാപൂര്‍വം ഞാന്‍ അവന്റെ സുകൃതത്തിനു സമര്‍പ്പിക്കുന്നു. ബവേറിയന്‍ ആല്‍പ്സ് മലഞ്ചെരിവിലെ എന്റെ മനോഹരമായ ജന്മനാടിനെ ഓര്‍ത്ത് ഞാന്‍ കര്‍ത്താവിനു നന്ദിയര്‍പ്പിക്കുന്നു, സ്രഷ്ടാവിന്റെ ഉജ്വല മഹിമയാണ് ഞാനെന്നും അവിടെ തെളിഞ്ഞുകണ്ടത്. സ്വദേശത്തെ എന്റെ സ്വന്തം നാട്ടുകാര്‍ക്ക് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു, കാരണം അവരിലൂടെയാണ് എനിക്ക് വിശ്വാസത്തിന്റെ സൗന്ദര്യം വീണ്ടും വീണ്ടും അനുഭവിക്കാന്‍ കഴിഞ്ഞത്. ഞങ്ങളുടെ ജന്മഭൂമി, വിശ്വാസത്തിന്റെ നിലമായി നിലനില്‍ക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു; പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്, വിശ്വാസത്തില്‍ നിന്ന് പിന്തിരിയാന് നിങ്ങള്‍ ഒരിക്കലും ഇടവരുത്തരുത്. അവസാനമായി, എന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും, വിശേഷിച്ച് റോമിലും എന്റെ രണ്ടാം മാതൃഭൂമിയായ ഇറ്റലിയിലും അനുഭവിക്കാന്‍ കഴിഞ്ഞ സകല സൗന്ദര്യത്തിനുമായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
ഏതെങ്കിലും തരത്തില്‍ ഞാന്‍ തെറ്റുചെയ്തുപോയിട്ടുള്ളവരോടെല്ലാം സര്‍വാത്മനാ മാപ്പുചോദിക്കുന്നു.
എന്റെ നാട്ടുകാരോട് ഞാന്‍ നേരത്തെ പറഞ്ഞത്, സഭയില്‍ എന്റെ ശുശ്രൂഷയ്ക്കായി ഭരമേല്പിക്കപ്പെട്ടവരോട് എല്ലാമായി ഞാന്‍ പറയുന്നു: വിശ്വാസത്തില്‍ ദൃഢമായി നിലകൊള്ളുക! ആശയക്കുഴപ്പത്തില്‍ സ്വയംവീഴാതെ നോക്കുക. മിക്കപ്പോഴും ശാസ്ത്രം – ഒരുഭാഗത്ത് പ്രകൃതിശാസ്ത്രങ്ങളും മറുഭാഗത്ത് ചരിത്രപരമായ ഗവേഷണങ്ങളും (വിശേഷിച്ച്, വിശുദ്ധഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങള്‍) – ക്രൈസ്തവ വിശ്വാസത്തിനു വിപരീതമായ അനിഷേധ്യമായ ഫലങ്ങള്‍ കാണിച്ചുവെന്നുവരും. പണ്ടുകാലം മുതലേ പ്രകൃതിശാസ്ത്രങ്ങളിലുണ്ടായിട്ടുള്ള പരിവര്‍ത്തനങ്ങളിലൂടെ, വിശ്വാസത്തിന്റെ എതിര്പഠനങ്ങളില് ഉറപ്പായ വസ്തുതകളെന്നു കരുതപ്പെട്ടിരുന്ന പലതും മാഞ്ഞുപോകുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്, ആ നിശ്ചയജ്ഞാനമൊന്നും ശാസ്ത്രമല്ലെന്നും ശാസ്ത്രവുമായി പരോക്ഷബന്ധമുള്ള തത്ത്വചിന്തയുടെ ഭാഷ്യങ്ങള്‍ മാത്രമാണവയെന്നും തെളിഞ്ഞിട്ടുണ്ട്. നേരേ മറിച്ച്, പ്രകൃതിശാസ്ത്രങ്ങളുമായുള്ള സംവാദത്തിലൂടെയാണ് വിശ്വാസത്തിന് അതിന്റെ അവകാശവാദ സാധ്യതകളുടെ പരിമിതിയും, അതിലൂടെ അതിന്റെ അനന്യതയും കൂടുതല്‍ സുവ്യക്തമാകുന്നത്. അറുപതു വര്‍ഷമായി ഞാന്‍ ദൈവശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് വിശുദ്ധഗ്രന്ഥ ശാസ്ത്രത്തിന്റെ പാതയില്‍ അനുയാത്ര ചെയ്യുകയാണ്. വ്യത്യസ്ത തലമുറകളുടെ പിന്തുടര്ച്ചയില് അചഞ്ചലമെന്നു കരുതപ്പെട്ടിരുന്ന പല സിദ്ധാന്തങ്ങളും തകര്‍ന്നടിയുന്നത് ഞാന്‍ കണ്ടു; പുരോഗമനവാദികളുടെ തലമുറ (ഹര്നാക്, യൂലിഷര് തുടങ്ങിയവര്‍), അസ്തിത്വവാദികളുടെ തലമുറ (ബുള്ട്ട്മാനും മറ്റും), മാര്‍ക്സിസ്റ്റ് തലമുറ എന്നിവയുടെയൊക്കെ ദൃഢപ്രമാണങ്ങള് കേവലം അനുമാനങ്ങള്‍ മാത്രമായിരുന്നുവെന്നു തെളിഞ്ഞു. ഈ അനുമാനങ്ങളുടെ കെട്ടുപിണച്ചിലുകള്ക്കിടയില് നിന്ന് വിശ്വാസത്തിന്റെ യുക്തിയുക്തത വെളിപ്പെട്ടുവരുന്നത് ഞാന്‍ കണ്ടു, ഇപ്പോഴും അത് ഉയിര്‍ക്കൊള്ളുന്നത് ഞാന്‍ കാണുന്നു. സത്യമായും യേശുക്രിസ്തുവാണ് വഴിയും സത്യവും ജീവനും – സഭ അതിന്റെ എല്ലാ പോരായ്മകളോടെയും സത്യമായും അവന്റെ ശരീരമാണ്.
അവസാനമായി, ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു: കര്‍ത്താവ് എന്റെ പാപങ്ങളും കുറവുകളും പൊറുത്ത് നിത്യഭവനത്തിലേക്ക് എന്നെ പ്രവേശിപ്പിക്കാനായി എനിക്കുവേണ്ടി പ്രാര്‍ഥിക്കുക. എന്നെ വിശ്വസിച്ച് ഏല്പിച്ചിട്ടുള്ള എല്ലാവര്‍ക്കുവേണ്ടിയും ദിനംപ്രതി എന്റെ ഹൃദയംനിറഞ്ഞ പ്രാര്‍ഥനകള്‍.