യുഗസംക്രമത്തിന്റെ പ്രവാചകന് കടന്നുപോവുകയാണ്. കാലപ്പകര്ച്ചകള്ക്കിടയിലെ തീര്ത്ഥാടകന് എന്നാണ് ബെനഡിക്ട് പാപ്പാ സ്വയംവിശേഷിപ്പിച്ചത്.
ജോസഫ് റാറ്റ്സിങര്‍ – 2005 മുതല്‍ 2013 വരെ ബെനഡിക്ട് പതിനാറാമന്‍ പാപ്പായും, ചരിത്രം സൃഷ്ടിച്ച സ്ഥാനത്യാഗത്തെ തുടര്‍ന്ന് 2022 ഡിസംബര്‍ 31ന് 95-ാം വയസ്സില്‍ കാലം ചെയ്യുന്നതുവരെ എമരിറ്റസ് പാപ്പായുമായിരുന്ന ദൈവശാസ്ത്രജ്ഞന് – കടുത്ത യാഥാസ്ഥിതികന് എന്നു മുദ്രചാര്ത്തപ്പെടുമ്പോഴും സുവിശേഷത്തിന്റെ മൂലസ്രോതസ്സുകളിലേക്കു തിരിച്ചുപോയി വിശ്വാസത്തിലെ യുക്തിയും സത്യത്തിന്റെ സൗന്ദര്യവും കൊണ്ട് റോമന്‍ കത്തോലിക്കാസഭയുടെ മജിസ്തേരിയും എന്ന പ്രബോധനാധികാരത്തിന്റെ മഹിമ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിലായിരുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണ മുന്നേറ്റങ്ങള്‍ പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ ശക്തമായി ചെറുത്ത നിര്‍ഭയനായ യുവ പുരോഗമനവാദിയായിരുന്നു റാറ്റ്സിങര്‍ എന്നോര്‍ക്കണം. യാഥാസ്ഥിതികരുമായി ഏറ്റുമുട്ടുമ്പോള്തന്നെ പുരോഗമനവാദികള്‍ രണ്ടു ദാര്‍ശനിക ചേരികളിലായിരുന്നു. ഒരു പക്ഷം സമകാലിക സാമൂഹിക, സാംസ്കാരിക പശ്ചാത്തലത്തില്‍ സഭയെ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ആധുനികവത്കരണത്തെ (‘അജ്യോര്ണമെന്തോ’) കുറിച്ച് സംസാരിച്ചു; വിശുദ്ധഗ്രന്ഥത്തിലെ സാക്ഷ്യവും യുഗങ്ങളിലൂടെയുള്ള വിശ്വാസികളുടെ അനുഭവങ്ങളും വിശുദ്ധരുടെ പാരമ്പര്യവും മഹത്തായ ആരാധനക്രമ പൈതൃകവും ചരിത്രത്തിലെ വലിയ സംഘര്‍ഷങ്ങളുമെല്ലാം കണക്കിലെടുത്ത് സനാതന മൂല്യങ്ങള്‍ ഇന്നത്തെ ലോകത്തിനായി പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചാണ് (‘റിസോഴ്സ്മെന്റ്’) ഫ്രഞ്ച്, ജര്‍മന്‍ ദൈവശാസ്ത്രജ്ഞന്മാര് ചിന്തിച്ചത്.
വത്തിക്കാന്‍ കൗണ്‍സിലില്‍ ദൈവശാസ്ത്ര ഉപദേഷ്ടാവ് എന്ന നിലയില്‍ റാറ്റ്സിങര്‍ ശ്രദ്ധേയനാകുന്നത് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോസഫ് ഫ്രിങ്സിനുവേണ്ടി എഴുതിക്കൊടുത്ത ഒരു പ്രബന്ധത്തിലൂടെയാണ്. ജനോവയില്‍ ആ പ്രബന്ധം ആദ്യം വായിച്ചുകേട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ അദ്ഭുതംകൂറി: ”കെ ബെല്ല കോഇന്സിദെന്ത്സാ ദെല്‍ പെന്സിയേരോ! എത്ര വിസ്മയകരമായ മനപ്പൊരുത്തം! ഞാന്‍ പറയാന്‍ ആഗ്രഹിച്ചതും എനിക്കു പറയാന്‍ കഴിയാതെ പോയതുമെല്ലാം എത്ര ഭംഗിയായി അങ്ങ് അവതരിപ്പിച്ചു!” രചയിതാവ് താനല്ലെന്നും ബവേറിയയില്‍ നിന്നുള്ള തന്റെ പെരിത്തുസ് ജോസഫ് റാറ്റ്സിങര്‍ എഴുതിയ രേഖയാണതെന്നും കര്‍ദിനാള്‍ ഫ്രിങ്സ് തുറന്നുപറഞ്ഞപ്പോള്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പ്രതികരിച്ചു: ”എന്റെ ഒടുവിലത്തെ ചാക്രികലേഖനം എഴുതിയത് ഞാനല്ല. നമുക്ക് നല്ല ഉപദേഷ്ടാവ് ഉണ്ടായാല്‍ മതി.”
പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ 27 വര്‍ഷം നീണ്ട പേപ്പല്‍ വാഴ്ചയിലെ ഏറ്റവും സ്ഥായിയായ ഉപദേഷ്ടാവ് കര്‍ദിനാള്‍ റാറ്റ്സിങര്‍ ആയിരുന്നു. മ്യൂണിക്-ഫ്രൈസിങ് അതിരൂപതയില്‍ ആര്‍ച്ച്ബിഷപ്പായി അഞ്ചുവര്‍ഷം തികയുമ്പോഴാണ് കര്‍ദിനാള്‍ റാറ്റ്സിങറെ 1981 നവംബറില്‍ ജോണ്‍ പോള്‍ പാപ്പാ വിശ്വാസപ്രമാണങ്ങള്ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ടായി നിയോഗിക്കുന്നത്. ഹോളി ഓഫിസ് എന്നറിയപ്പെട്ടിരുന്ന ഈ തിരുസംഘത്തെക്കുറിച്ച് റാറ്റ്സിങര്‍ സമര്‍പ്പിച്ച വിമര്ശനപഠനരേഖയാണ് വിശ്വാസകാര്യ തിരുസംഘം എന്നു പുനര്‍നാമകരണം ചെയ്ത് അതു പുനഃസംഘടിപ്പിക്കാന്‍ പോള്‍ ആറാമന്‍ പാപ്പായെ പ്രേരിപ്പിച്ചത് എന്നൊരു പൂര്‍വകഥയുണ്ട്.
കമ്യൂണിസ്റ്റ്, നാത് സി സമഗ്രാധിപത്യഭരണകൂടങ്ങളുടെ കീഴില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സഭയുടെ ചരിത്രം പങ്കുവച്ചവരാണ് കാരള്‍ വൊയ്റ്റീവ എന്ന ജോണ്‍ പോളും റാറ്റ്സിങറും. രണ്ടാം ലോകമഹായുദ്ധത്തിലെ രക്തച്ചൊരിച്ചിലിലൂടെ കടന്നുവന്നവര്‍, യുദ്ധാനന്തര യൂറോപ്പിന്റെ ആഴമേറിയ സാംസ്കാരിക ക്ഷതങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവര്‍. പതിനാറാം വയസില്‍ ഹിറ്റ്ലര്‍ യൂഗന്റ് യുവജനസേനയിലൂടെ നിര്‍ബന്ധിത സൈനികസേവനത്തിന്റെ ഭാഗമായി മ്യൂണിക്കിനടുത്ത് ബിഎംഡബ്ല്യു പ്ലാന്റിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ലുഫ്ത്വഫാ ഹെല്ഫെറിന് വിമാനവേധ യൂണിറ്റിലും ഹംഗറിയില്‍ ടാങ്കുകള്‍ക്കു കെണിയൊരുക്കാനുള്ള ട്രെഞ്ചുകളിലും അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയും 1945-ല്‍ ജര്‍മന്‍ മിലിട്ടറിയില്‍ നിന്ന് ഒളിച്ചോടി ആറാഴ്ചയോളം യുദ്ധതടവുകാരനായി അമേരിക്കന്‍ തടങ്കല്‍പാളയത്തില്‍ കഴിയുകയും ചെയ്ത അനുഭവമുണ്ട് റാറ്റ്സിങര്‍ക്ക്.
കത്തോലിക്കാ ദൈവശാസ്ത്രത്തില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം കടത്തിക്കൊണ്ടുവരുന്നതിനോടുള്ള വിയോജിപ്പും ലൈംഗിക ധാര്‍മികതയില്‍ പരമ്പരാഗത പ്രബോധനങ്ങളോടുള്ള ഗാഢമായ പ്രതിബദ്ധതയും ഇരുവരുടെയും ദാര്‍ശനിക പദ്ധതിയില്‍ തെളിഞ്ഞുകാണാം. ഇരുപതാം നൂറ്റാണ്ടിലെ ഹ്യൂമനിസ്റ്റിക് തത്ത്വശാസ്ത്രങ്ങളായ മാര്‍ക്സിസം, ഭൗതികവാദം, ലിബറലിസം, അസ്തിത്വവാദം എന്നിവയ്ക്കുള്ള ക്രൈസ്തവ ബദലില്‍ ഇരുവരും ശ്രദ്ധയൂന്നി. വിമോചന ദൈവശാസ്ത്രം, ജനനനിയന്ത്രണം, പൗരോഹിത്യ ബ്രഹ്മചര്യം, സഭയുടെ അധികാരം, വനിതാ പൗരോഹിത്യം തുടങ്ങിയ മുഖ്യവിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നായിരുന്നു നിലപാട്. വത്തിക്കാന്‍ വിശ്വാസ പൊലീസിലെ നര്‍മബോധമില്ലാത്ത ജര്‍മന്‍ കമാന്‍ഡന്റ് (പാന്സര്കര്ദിനാള്), ദൈവത്തിന്റെ റോട്ട്വെയ്ലര് തുടങ്ങിയ വിശേഷണങ്ങള്‍ റാറ്റ്സിങര്ക്കു ചാര്‍ത്തിക്കൊടുത്ത കടുത്ത വിമര്‍ശകര്‍ പോലും ആധുനിക കാലത്ത് ദൈവശാസ്ത്രവും ചരിത്രവും വിശുദ്ധഗ്രന്ഥവും ഇത്രയും ഹൃദ്യമായി സമന്വയിപ്പിച്ച പ്രബോധകന് വേറെയില്ലെന്നു സമ്മതിക്കും. ഹന്‍സ് ഉര്‍സ് വോണ്‍ ബാല്‍തസാര്‍, യൂവ് കൊങാഹ്, ഓന് റി ദെ ലുബാക് തുടങ്ങി ഇക്കാലഘട്ടത്തിലെ ചിന്തകരുടെ ശ്രേണിയില്‍ അദ്വിതീയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.
മുപ്പത്തൊന്നാം വയസിലാണ് റാറ്റ്സിങര്‍ ഡോഗ്മാറ്റിക് തിയോളജി പ്രഫസറാകുന്നത്. ബോണ്‍, മ്യൂന്‍സ്റ്റര്‍, ത്വീബിങന്, റീജന്സ്ബൂര്ഗ് യൂണിവേഴ്സിറ്റികളില്‍ അധ്യാപനം തുടരുന്നതിനിടെയാണ്, കരള്‍ റാനര്‍, എഡ്വേര്‍ഡ് സ്കിലെബീക്സ്, ഹന്‍സ് ക്യുങ് തുടങ്ങിയ പുരോഗമനവാദികള്‍ക്കൊപ്പം ചേര്‍ന്ന് ദൈവശാസ്ത്ര അന്വേഷണങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തിനായി വാദിച്ച റാറ്റ്സിങറുടെ ജീവിതത്തില്‍ ദമാസ്കസിലേക്കുള്ള പാത കടന്നുവരുന്നത്. കൃത്രിമ ഗര്‍ഭനിരോധനം സംബന്ധിച്ച പോള്‍ ആറാമന്റെ ഹ്യുമാനെ വീത്തെ എന്ന ചാക്രികലേഖനം ഇറങ്ങിയ 1968-ല്‍ പശ്ചിമ യൂറോപ്പിലെ യൂണിവേഴ്സിറ്റി ക്യാംപസുകളില്‍ അധികാരകേന്ദ്രങ്ങള്‍ക്കെതിരേ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു പിന്നിലെ മാര്‍ക്സിസ്റ്റ്-നാത് സി ശൈലിയോടുള്ള ചെറുത്തുനില്പാണ് അദ്ദേഹത്തെ യാഥാസ്ഥിതികപക്ഷത്തേക്കു നയിച്ചത്.
ത്വീബിങനില് തന്റെ സഹപ്രവര്‍ത്തകനായിരുന്ന സ്വിസ് വൈദികന് ഹന്‍സ് ക്യുങിനെ, പാപ്പായുടെ അപ്രമാദിത്തം ചോദ്യംചെയ്തതിന് കത്തോലിക്കാ ദൈവശാസ്ത്രം പഠിപ്പിക്കുന്നതില്‍ നിന്നു വിലക്കിയതും, ലൈംഗികതയെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളെ വെല്ലുവിളിച്ചതിന് അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചാള്‍സ് കുറാന് എന്ന ദൈവശാസ്ത്രജ്ഞനെ പുറത്താക്കിയതും, ലാറ്റിന്‍ അമേരിക്കയില്‍ വിമോചന ദൈവശാസ്ത്രത്തിന്റെ പ്രയോക്താവായ ബ്രസീലിയന്‍ സന്ന്യാസി ലെയൊനാര്‍ദോ ബോഫിന് 1985-ല്‍ ഒരു വര്‍ഷം നിശബ്ദനായിരിക്കാന്‍ കല്പന നല്കിയതും റാറ്റ്സിങറുടെ അച്ചടക്കനടപടികളുടെ കാര്‍ക്കശ്യത്തിനു തെളിവായി എടുത്തുകാട്ടാറുണ്ട്. 1985-ല്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്ത്തകന് വിത്തോറിയോ മെസോറിയുമായി നടത്തിയ അഭിമുഖത്തെ ആധാരമാക്കിയുള്ള ‘റപ്പോര്ത്ത സുല്ല ഫീദെ’ (ദ് റാറ്റ്സിങര്‍ റിപ്പോര്‍ട്ട്) ആ പ്രതിച്ഛായയ്ക്കു കൂടുതല്‍ മിഴിവേകി.
പാശ്ചാത്യ സന്ന്യാസജീവിതസമ്പ്രദായത്തിന്റെ സ്ഥാപകനും യൂറോപ്പിന്റെ മധ്യസ്ഥനുമായ നുര്‍സിയയിലെ ബെനഡിക്ടിനെ അനുസ്മരിച്ചുകൊണ്ടാണ് റാറ്റ്സിങര്‍ 2005-ല്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബെനഡിക്ട് എന്ന പേരു സ്വീകരിച്ചത്. റോമാ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം പാശ്ചാത്യ സംസ്കാരം സംരക്ഷിച്ച ആധ്യാത്മിക പ്രസ്ഥാനം സന്ന്യാസ ആശ്രമങ്ങളായിരുന്നു. യൂറോപ്പിലെ സഭയുടെ പുനരുദ്ധാരണം അദ്ദേഹം സ്വപ്നം കണ്ടു.
പരിശുദ്ധ സിംഹാസനത്തിലിരിക്കുമ്പോഴാണ് മൂന്നു വാല്യങ്ങളായി ‘ജീസസ് ഓഫ് നാസറത്ത്’ എന്ന ബെസ്റ്റ് സെല്ലര്‍ പ്രസിദ്ധീകരിക്കുന്നത്. ”കര്‍ത്താവിന്റെ മുഖം തേടുന്ന” തന്റെ വ്യക്തിപരമായ ധ്യാനം സഭയുടെ പ്രബോധനമായി വിലയിരുത്തപ്പെടാതിരിക്കാന്‍ പേപ്പല്‍ മുദ്രയില്ലാതെ റാറ്റ്സിങര്‍ എന്ന പേരിലാണ് അതു പ്രകാശനം ചെയ്തത്. കത്തോലിക്കാ വിശ്വാസപ്രമാണത്തില്‍ കാണുന്ന ”വിശ്വാസത്തിലെ ക്രിസ്തുവിനെ” ചരിത്രപരവും വിമര്‍ശനാത്മകവുമായ രീതിയില്‍, സുവിശേഷങ്ങളെ അവയുടെ പുരാതന സാംസ്കാരിക പശ്ചാത്തലത്തില്‍ വായിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.
ദേവൂസ് കാരിത്താസ് എസ്ത് (ദൈവെ സ്നേഹമാകുന്നു), സ്പേ സാല്‍വി (പ്രത്യാശയില്‍ രക്ഷ), കാരിത്താസ് ഇന്‍ വേരിത്താത്തെ (സത്യത്തിലെ ഉപവി) എന്നീ ചാക്രികലേഖനങ്ങള്‍ മതവിശ്വാസങ്ങളെ തിരസ്കരിക്കുന്ന ലോകത്ത് ക്രിസ്തുമതത്തിന്റെ കാഴ്ചപ്പാടുകള്‍ ശക്തമായി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. തന്റെ ഈടുറ്റ 60 പുസ്തകങ്ങളിലും എണ്ണമറ്റ പ്രബോധനങ്ങളിലും സത്യം, സൗന്ദര്യം, സ്നേഹം എന്നിവയുടെ പരിവര്ത്തനശക്തിയുടെ സ്രോതസ് എന്ന നിലയില്‍ ക്രിസ്തുവിനെയും ക്രിസ്തുമതത്തെയും ഏറ്റം മനോഹരമായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ബൃഹത്തായ രചനകളില്‍ വലിയൊരു പങ്കും പെന്‍സില്‍ കൊണ്ട് ഷോര്‍ട്ട്ഹാന്‍ഡില്‍ കുറിച്ചിട്ടതത്രേ!
പൗരോഹിത്യം, ബ്രഹ്മചര്യം, കത്തോലിക്കാസഭയിലെ പ്രതിസന്ധി എന്ന വിഷയത്തില്‍ ദൈവികാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ റോബര്‍ട്ട് സെറാ പ്രസിദ്ധീകരിച്ച ‘ഫ്രം ദ് ഡെപ്ത് സ് ഓഫ് ഔവര്‍ ഹാര്‍ട്സ്’ എന്ന പുസ്തകത്തില്‍ എമരിറ്റസ് പാപ്പാ ബെനഡിക്ട് ആമുഖം രചിച്ചത് ചില ആശയകുഴപ്പങ്ങള്‍ക്ക് ഇടയാക്കി. തെക്കേ അമേരിക്കയിലെ ആമസോണ്‍ മേഖലയില്‍ വിവാഹിതര്‍ക്ക് വൈദികപട്ടം നല്‍കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പയെ പ്രേരിപ്പിച്ച പുസ്തകമായി ഇത് വിശേഷിപ്പിക്കപ്പെട്ടു.
ഗ്രീക്ക് തത്ത്വശാസ്ത്ര അന്വേഷണത്തിലെ യുക്തിയെ ആധാരമാക്കിയുള്ള യഹൂദ-ക്രൈസ്തവ പാരമ്പര്യത്തിനു വെളിയില്‍ ഇതര വിശ്വാസങ്ങളുമായി ദൈവശാസ്ത്രപരമായ സംവാദം നിരര്‍ഥകവും അസാധ്യവുമാണ് എന്നു വിശ്വസിക്കുന്ന റാറ്റ്സിങര്‍, യഹൂദമതത്തോടും ഇസ്ലാമിനോടും തുറവിയുള്ള സമീപനം സ്വീകരിച്ചു. ബൈസന്റൈന്‍ ചക്രവര്‍ത്തി മാനുവല്‍ രണ്ടാമന് പാലെയോലോഗ്, മുഹമ്മദ് നബിയെ പരാമര്‍ശിച്ച് വാളുകൊണ്ടുള്ള വിശുദ്ധയുദ്ധം തിന്മയാണെന്നു പറഞ്ഞത് ഉദ്ധരിച്ച ബെനഡിക്ട് പാപ്പായുടെ 2006-ലെ റേഗന്സ്ബൂര്ഗ് യൂണിവേഴ്സിറ്റിയിലെ പ്രഭാഷണം മധ്യപൂര്‍വദേശത്തും ദക്ഷിണ ഏഷ്യയിലും വലിയ പ്രതിഷേധങ്ങള്‍ക്കു വഴിതെളിച്ചു. രണ്ടു മാസം കഴിഞ്ഞ് തുര്‍ക്കി സന്ദര്‍ശനവേളയില്‍ ഇസ്താംബുളിലെ ബ്ലൂ മോസ്ക്കില്‍ മുഫ്തി മുസ്തഫ കഗ്രിസിയുമൊത്ത് ബെനഡിക്ട് പാപ്പാ നിശബ്ദമായി പ്രാര്‍ഥിച്ചു.
മൊസാര്‍ട്ടിന്റെയും ബ്രാഹ്മ്സിന്റെയും പിയാനോ സംഗീതത്തിന്റെ ഉപാസകനായിരുന്നു റാറ്റ്സിങര്‍. മൊസാര്‍ട്ടിന്റെ കുര്‍ബാന സംഗീതത്തിന്റെ മന്ത്രമുഗ്ദ്ധത ഹൃദയത്തില്‍ സൂക്ഷിച്ച ബെനഡിക്ട് പാപ്പാ, 2007-ല്‍ സുമ്മോരും പൊന്തിഫിക്കും എന്ന മോത്തു പ്രോപ്രിയോയിലൂടെ 1962-ലെ മിസാള്‍ ഉപയോഗിച്ചുള്ള ട്രൈഡന്റൈന്‍ റീത്ത് ലാറ്റിന്‍ കുര്‍ബാന അര്‍പ്പണത്തിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു.
വിശ്വാസതിരുസംഘത്തിന്റെ തലവനായിരിക്കുമ്പോള്‍ സഭയിലെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച പരാതികള്‍ ഗൗരവതരമായി കൈകാര്യം ചെയ്തില്ല എന്ന ആരോപണമുണ്ടായിരുന്നു. മ്യൂണിക്ക് ആര്‍ച്ച്ബിഷപ്പായിരുന്ന കാലത്ത് (1977 – 1982) ലൈംഗിക ചൂഷണത്തിന്റെ പേരില്‍ നാലു വൈദികര്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന ആരോപണം 2022 ജനുവരിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എമരിറ്റിസ് പാപ്പാ അക്കാര്യത്തില്‍ മാപ്പു ചോദിക്കുകയുണ്ടായി.
”ആനന്ദത്തിന്റെയും പ്രകാശത്തിന്റെയും നിമിഷങ്ങളുണ്ടായിരുന്നു. കടല്‍ ഇളകിമറിയുകയും ശക്തമായ കാറ്റ് ആഞ്ഞടിക്കുകയും ചെയ്ത നേരത്ത് കര്‍ത്താവ് അമരത്ത് ഉറങ്ങുകയായിരുന്നുവെന്നു തോന്നുന്നു” – സ്ഥാനത്യാഗത്തിനു മുമ്പുള്ള അവസാനത്തെ പൊതുദര്ശനത്തില് ഒന്നര ലക്ഷം വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് ബെനഡിക്ട് പാപ്പാ പറഞ്ഞത് ഇന്നും ആത്മാവില്‍ ഒരു നോവുണര്‍ത്തുന്നു.
Trending
സത്യത്തിന്റെ സൗന്ദര്യദീപ്തിയില്
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2024 ThemeSphere. Designed by ThemeSphere.