Browsing: pope francis medical updates

ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.

ശ്വാസകോശത്തിലേക്കു പോകുന്ന ബ്രോങ്കി ട്യൂബുകളില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയാണ് തിങ്കളാഴ്ച രണ്ടു പ്രാവശ്യവും അതിതീവ്രമായ ശ്വസന ‘ന്യൂനത’ പ്രതിസന്ധി മൂര്‍ച്ഛിച്ചത്.  ബ്രോങ്കോസ്‌കോപ്പിയിലൂടെ ശ്വാസകോശത്തിന്റെ വായുമാര്‍ഗങ്ങള്‍ പരിശോധിച്ച്, അമിതമായി അടിഞ്ഞുകൂടിയിരുന്ന കഫവും സ്രവങ്ങളും വലിച്ചെടുത്തുകളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്റര്‍ (എന്‍ഐവി) സംവിധാനത്തിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കി വായുസഞ്ചാരം ക്രമീകരിക്കുകയായിരുന്നു.