Browsing: gemelli hospital

റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’